2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

കെ എം സീതി സാഹിബ്‌വിസ്‌മയിപ്പിക്കുന്ന പ്രതിഭാവൈഭവം കൊണ്ട്‌ കേരള മുസ്‌ലിം ചരിത്രത്തെ ജ്വലിപ്പിച്ച പേരുകളിലൊന്നാണ്‌ കെ എം സീതി സാഹിബ്‌. സമൂഹ നവോത്ഥാനത്തിന്റെ സിരാപടലങ്ങളിലേക്കെല്ലാം ചിന്തയുടെ ഊര്‍ജം പ്രസരിപ്പിച്ച്‌ മികച്ചൊരു ചരിത്രം ബാക്കിയാക്കിയ ഇതിഹാസ വ്യക്തിത്വം. കേരളത്തിലെ മുസ്‌ലിംലീഗിന്റെയും കേരള നിയമസഭയുടെയും അമരത്തെത്തിയ അപൂര്‍വ ധിഷണാശാലിയാണ്‌ സീതിസാഹിബ്‌. 1898 ആഗസ്‌ത്‌ പതിനൊന്നിന്‌ കൊടുങ്ങല്ലൂരിലെ വ്യവസായപ്രമുഖനും പരിഷ്‌കരണാശയക്കാരനുമായ കോട്ടപ്പുറത്ത്‌ നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ്‌ ഹാജിയുടെ ആദ്യ പുത്രനായി ജനിച്ചു. ഫാത്വിമയാണ്‌ മാതാവ്‌. പിതാവില്‍ നിന്നും പിതാവിന്റെ ഉറ്റ സുഹൃത്തുക്കളായ സയ്യിദ്‌ ഹമദാനി തങ്ങള്‍, കെ എം മൗലവി തുടങ്ങിയവരില്‍ നിന്നും പകര്‍ന്നുകിട്ടിയ വൈജ്ഞാനികമായ ഉണര്‍വും ഉത്സാഹവും സീതിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാത്തീര്‍ന്നു. കൊടുങ്ങല്ലൂരിലെ നവോത്ഥാന തരംഗം കുഞ്ഞുനാളിലേ അടുത്തുനിന്ന്‌ അനുഭവിച്ച സീതിസാഹിബ്‌ കൊടുങ്ങല്ലൂരിലെ ആദ്യത്ത അഭിഭാഷകനായിത്തീരുകയും ചെയ്‌തു. കേരള മുസ്‌ലിം ഐക്യസംഘത്തിനും മുമ്പ്‌ ഇസ്വ്‌ലാഹീ ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്ന മഹാപണ്ഡിതന്‍ ശൈഖ്‌ മാഹിന്‍ ഹമദാനി തങ്ങളുടെ ശിഷ്യത്വമാണ്‌ തന്നെ എഴുത്തുകാരനും പ്രഭാഷകനുമാക്കിയതെന്ന്‌ സീതിസാഹിബ്‌ അനുസ്‌മരിച്ചിട്ടുണ്ട്‌. ബന്ധുവും മണപ്പാട്ടു കുഞ്ഞഹമ്മദ്‌ ഹാജിയുടെ സഹോദരനുമായ പി കെ മുഹമ്മദുണ്ണി സാഹിബിന്റെ പ്രേരണയാലായിരുന്നു സീതിസാഹിബിന്റെ രചനാ ജീവിതമാരംഭിച്ചത്‌.മുസ്‌ലിം, മലബാര്‍ മുസ്‌ലിം, ഇസ്‌ലാം, സുപ്രഭാതം, കേരള വ്യാസന്‍ എന്നിവയിലെല്ലാം യുവാവായിരിക്കെ സീതിസാഹിബിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മലബാര്‍ കലാപാനന്തരമുണ്ടായ സമുദായ ധ്രുവീകരണത്തിന്‌ അറുതി വരുത്താനാണ്‌ അക്കാലത്ത്‌ അദ്ദേഹം കൂടുതലെഴുതിയത്‌. പിതാവ്‌ നിര്‍മിച്ച അഴീക്കോട്‌ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ സീതിസാഹിബിന്‌ ലഭിച്ച മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്ന കൂട്ടുകാരന്‍ പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണങ്ങളിലും സഹചാരിയായിത്തീര്‍ന്നു. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ദേശീയ നിലപാടുകളില്‍, പലതിനോടും വിയോജിച്ചപ്പോള്‍ തന്നെ, അല്‍അമീനിന്റെ നടത്തിപ്പില്‍ സാമ്പത്തികമടക്കമുള്ള സഹകരണങ്ങള്‍ നല്‍കാന്‍ സീതിസാഹിബ്‌ എന്നും കൂടെയുണ്ടായിരുന്നു. രാഷ്‌ട്രീയ വിഷയങ്ങളേക്കാള്‍ സമുദായ സംബന്ധ ലേഖനങ്ങളാണ്‌ അല്‍അമീനില്‍ സീതിസാഹിബ്‌ എഴുതിയിരുന്നത്‌.1916ല്‍ 18 വയസ്സുള്ളപ്പോഴാണ്‌ വാണിയമ്പാടിയിലെ ദക്ഷിണേന്ത്യന്‍ വിദ്യാഭ്യാസ സമ്മേളനത്തില്‍ സീതിസാഹിബ്‌ പങ്കെടുത്തത്‌. 1922ല്‍ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയതും കെ എം സീതിസാഹിബായിരുന്നു. 1930ല്‍ ലാഹോര്‍ സമ്മേളനത്തിലും കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ അദ്ദേഹമായിരുന്നു. 1933ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിട്ടതും `സമുദായം' എന്ന സ്വപ്‌നം കാരണമായിരുന്നു. സമുദായത്തിന്റെ വികാസത്തിനും പരിഷ്‌കരണത്തിനും കൂടുതല്‍ ഉചിതമായ മാര്‍ഗം മുസ്‌ലിംലീഗാണെന്ന തിരിച്ചറിവ്‌ അന്ത്യംവരെ അദ്ദേഹം പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. ലീഗിലെത്തിയതോടെ സീതിസാഹിബ്‌ നേതൃത്വത്തിലുമെത്തി. മലബാര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെയും പിന്നീട്‌ 1956 നവംബര്‍ 11ന്‌ കേരള സ്റ്റേറ്റ്‌ മുസ്‌ലിം ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളായിരുന്നു പ്രസിഡന്റ്‌. ഇരുവരെയും ലീഗ്‌ നേതൃത്വത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നതാകട്ടെ കെ എം മൗലവിയും.അക്കാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന സമുദായ പരിഷ്‌കരണാശയങ്ങളോട്‌ ഏറെ അടുപ്പം കാണിക്കുകയും ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമായുടെയും ഭാരവാഹിത്വത്തിലെത്തുകയും ചെയ്‌തിരുന്ന കെ എം മൗലവിയും സീതിസാഹിബും ഒപ്പംനിന്നു പ്രവര്‍ത്തിച്ചിരുന്ന ബാഫഖി തങ്ങള്‍ അക്കാലത്ത്‌, നവോത്ഥാന സംരംഭങ്ങളുടെ എതിര്‍പക്ഷത്തുണ്ടായിരുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രമുഖ ഭാരവാഹിയായിരുന്നു. മതാഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സമുദായവികാസത്തിനായി അവര്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു. പോരുവിളിക്കുകയോ അസഹിഷ്‌ണുക്കളാവുകയോ ചെയ്യുന്ന മതവീക്ഷണം അവര്‍ക്ക്‌ പരിചിതമായിരുന്നില്ല.കച്ച്‌മേമന്‍ ആക്‌ട്‌, സ്‌ത്രീകളുടെ വിവാഹമോചന ബില്ല്‌, മുസ്‌ലിം പിന്തുടര്‍ച്ചാവകാശ ബില്ല്‌ തുടങ്ങിയ ചരിത്രപ്രധാനമായ അവകാശ പ്രഖ്യാപനങ്ങളുടെയെല്ലാം പിന്നില്‍ ബോധവത്‌കരണം നടത്തിയത്‌ സീതിസാഹിബിന്റെ തൂലികയായിരുന്നു. 1925ല്‍ തിരുവനന്തപുരം ലോ കേളെജില്‍ നിന്നാണ്‌ സീതിസാഹിബ്‌ നിയമബിരുദമെടുത്തത്‌. മദിരാശി ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന സി എസ്‌ അനന്തകൃഷ്‌ണയ്യരുടെ കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങി, അധികം വൈകാതെ ഗുരുവിനോപ്പോലെ ശിഷ്യനും പേരെടുത്ത വക്കീലായിത്തീര്‍ന്നു. 1927ല്‍ എറണാകുളത്ത്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചതോടൊപ്പം സാമൂഹിക മേഖലയിലും നേതൃപരമായ പങ്ക്‌ നിര്‍വഹിച്ചു. 1928ല്‍ കൊച്ചി ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്ക്‌ കൊടുങ്ങല്ലൂര്‍ മുസ്‌ലിം നിയോജകമണ്ഡലത്തില്‍ നിന്നും എതിരില്ലാതെ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. ടി എം മൊയ്‌തുസാഹിബ്‌, എ കെ കുഞ്ഞിമ്മായിന്‍ ഹാജി, സി പി മമ്മുക്കേയി തുടങ്ങിയ പ്രമുഖരുടെ ക്ഷണപ്രകാരം 1932ല്‍ എറണാകുളം വിട്ട്‌ തലശ്ശേരിയിലേക്ക്‌ അഭിഭാഷകനായെത്തിയതോടെയാണ്‌ സീതിസാഹിബിന്റെ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവുകളുടെ തുടക്കമായത്‌. തലശ്ശേരി തിരുവങ്ങാട്‌ ശ്രീരാമക്ഷേത്രത്തിനു സമീപം വാടകക്കെട്ടിടത്തില്‍ കഴിഞ്ഞ സീതി വക്കീലിനെത്തേടി കേസുകെട്ടുകളുമായി അഷ്‌ടദിക്കില്‍ നിന്നും ജനങ്ങളെത്തി. പില്‍ക്കാലത്ത്‌ സുപ്രീംകോടതി ജഡ്‌ജി വരെയായ ജസ്റ്റിസ്‌ വി ഖാലിദ്‌ അക്കാലത്ത്‌ സീതിസാഹിബിന്റെ ജൂനിയറായിരുന്നു. വടക്കേ മലബാറിലെ പ്രധാന കേസുകളിലെല്ലാം അക്കാലത്ത്‌ ഒരു ഭാഗത്ത്‌ സീതിസാഹിബുണ്ടായിരുന്നുവെന്ന്‌ ടി എം സാവാന്‍കുട്ടി എഴുതിയിട്ടുണ്ട്‌. 1956ല്‍ വീണ്ടും എറണാകുളത്തേക്ക്‌ താമസം മാറ്റി.അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഘടകമായി രൂപപ്പെട്ട മലബാര്‍ ജില്ലാ മുസ്‌ലിംലീഗ്‌ സമുന്നതമായ നേതൃത്വം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. 1937 ഡിസംബര്‍ 20ന്‌ തലശ്ശേരിയിലാണ്‌ സംഘടന രൂപപ്പെട്ടത്‌. ഹാജി അബ്‌ദുസ്സത്താര്‍ സേട്ട്‌, സി പി മമ്മുക്കേയി, മണപ്പാട്ട്‌ കുഞ്ഞഹമ്മദ്‌ ഹാജി, ശെയ്‌ഖ്‌ റാവൂത്തര്‍, ടി എം മൊയ്‌തു സാഹിബ്‌, കെ ഉപ്പി സാഹിബ്‌, കെ എം മൗലവി, ബി പോക്കര്‍ സാഹിബ്‌, എ കെ ഖാദര്‍കുട്ടി, സീതി സാഹിബ്‌ തുടങ്ങിയവരായിരുന്നു സമ്മേളനത്തിലെ പ്രഭാഷകര്‍. ആദ്യ കമ്മിറ്റിയില്‍ ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സീതിസാഹിബായിരുന്നു. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ സമ്മേളനം 1940 ഏപ്രില്‍ 29ന്‌ കോഴിക്കോട്ട്‌ നടന്നപ്പോള്‍ സീതി സാഹിബായിരുന്നു പ്രധാന സംഘാടകന്‍. അവിഭക്ത ബംഗാളിലെ പ്രധാനമന്ത്രിയായിരുന്ന ഫസലുല്‍ഹഖ്‌ ആയിരുന്നു വിശിഷ്‌ടാതിഥി. പിന്നീട്‌ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ മദിരാശി സമ്മേളനത്തില്‍ സീതിസാഹിബ്‌ യുവപ്രതിനിധിയായി പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്‌തു.1943 ജനുവരി 23ന്‌ കോഴിക്കോട്ടു ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച്‌ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും സീതി സാഹിബ്‌ ആയിരുന്നു. സി എച്ച്‌ മുഹമ്മദ്‌കോയ എന്ന പ്രതിഭാശാലിയായ രാഷ്‌ട്രീയ വ്യക്തിത്വം കടന്നുവരുന്നത്‌ ഈ സംഘടനയിലൂടെയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ സീതിസാഹിബും. 1932 മാര്‍ച്ച്‌ 26ന്‌ തലശ്ശേരിയില്‍ നിന്ന്‌ പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രികയുടെ പിന്നിലുള്ള സൂത്രധാരകനും സീതിസാഹിബായിരുന്നു. തൈലക്കണ്ടി സി മുഹമ്മദ്‌ ആയിരുന്നു ആദ്യത്തെ പത്രാധിപര്‍. 1935ല്‍ കുറച്ചുകാലം നിര്‍ത്തിവെച്ചെങ്കിലും 1938ല്‍ ദിനപത്രമായി പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1946ലാണ്‌ ചന്ദ്രിക കോഴിക്കോട്ടെത്തിയത്‌. ``ചന്ദ്രികയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചാല്‍ അതോടെ ഈ സമുദായത്തിന്റെ ജീവന്‍ നിലയ്‌ക്കും'' എന്ന്‌ പ്രസംഗിക്കാന്‍ മാത്രം വിലപ്പെട്ടതായിരുന്നു സീതിസാഹിബിന്‌ ദിനപത്രം. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്നെതിരായ മുഖപ്രസംഗങ്ങള്‍ എഴുതിയതു കാരണം മലബാര്‍ കലക്‌ടര്‍ മെക്കിവന്‍ സീതിസാഹിബിനെ കലക്‌ടറേറ്റിലേക്ക്‌ വിളിച്ചുവരുത്തി. തന്റെ മുന്നിലെത്തിയ പത്രാധിപരെ കണ്ടപ്പോള്‍ കലക്‌ടര്‍ പറഞ്ഞതിങ്ങനെ: "You are too young to be an editor of a daily" (ഒരുദിനപത്രത്തിന്റെ പത്രാധിപരാകാന്‍ മാത്രം തനിക്ക്‌ പ്രായമായിട്ടില്ലല്ലോ!) (ടി എം സാവാന്‍കുട്ടി, സീതി സാഹിബ്‌ ജീവചരിത്രം, 62)1950 ജനുവരി 26ന്‌ ഇന്ത്യാ റിപ്പബ്ലിക്കോടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ്‌ ഔദ്യോഗിക സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചെടുത്തു. ബി പോക്കര്‍ സാഹിബ്‌ മലപ്പുറം നിയോജകമണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്കും സീതിസാഹിബ്‌ മലപ്പുറം മണ്ഡലത്തില്‍ നിന്ന്‌ മദിരാശി നിയമസഭയിലേക്കും വിജയിച്ചു. കെ കെ മുഹമ്മദ്‌ ശാഫി, ചാക്കീരി അഹ്‌മദ്‌കുട്ടി, കെ ഉപ്പി സാഹിബ്‌, എം ചടയന്‍ എന്നിവരായിരുന്നു സീതിസാഹിബിന്‌ പുറമെ നിയമസഭയിലെത്തിയ മുസ്‌ലിംലീഗുകാര്‍. ഉപ്പിസാഹിബ്‌ പാര്‍ട്ടിയുടെ സഭാനേതാവും സീതിസാഹിബ്‌ ഉപനേതാവുമായി. മദിരാശി നിയമസഭയില്‍ സീതിസാഹിബ്‌ അംഗമായ കാലഘട്ടം മുസ്‌ലിംലീഗിന്റെയും ഇന്ത്യന്‍ മുസ്‌ലിംകളുടെയും ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. 1949ല്‍ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്‌ ആക്‌ട്‌) മദിരാശി സംസ്ഥാനത്ത്‌ പൂര്‍ണമായി നടപ്പാക്കുന്ന ഭേദഗതി നിയമം അവതരിപ്പിച്ച്‌ പാസ്സാക്കിയെടുത്തത്‌ സീതിസാഹിബായിരുന്നു. അതിന്റെ പിന്നില്‍ നടത്തിയ ധീരോദാത്തമായ മുന്നൊരുക്കങ്ങളും ലേഖനപരമ്പരകളും സംഭാഷണങ്ങളും പില്‍ക്കാലത്ത്‌ അദ്ദേഹം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌.സമുദായ നവോത്ഥാനത്തിന്റെ ചാലകശക്തി വിദ്യാഭ്യാസമാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം വിദ്യാലയങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ കൊച്ചി വിദ്യാഭ്യാസ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹപാഠിയും കൂട്ടുകാരനുമായ മുഹമ്മദ്‌ അബ്‌ദുര്‍റഹമാന്‍ സാഹിബിനൊപ്പം സജീവമായി. ഏറനാട്‌, വള്ളുവനാട്‌ പ്രദേശങ്ങളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരമായി മലപ്പുറം ഗവണ്‍മെന്റ്‌ ഹൈസ്‌കൂള്‍ ഉയര്‍ന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത്‌ സീതിസാഹിബാണ്‌. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ സീതിസാഹിബ്‌ രൂപീകരിച്ച മുസ്‌ലിം ഹൈസ്‌കൂള്‍ കമ്മിറ്റിയാണ്‌ പിന്നീട്‌ മലബാര്‍ മുസ്‌ലിം അസോസിയേഷനായി മാറിയത്‌. വെട്ടത്ത്‌ പുതിയങ്ങാടി ഗേള്‍സ്‌ ഹൈസ്‌കൂള്‍, കോഴിക്കോട്‌ ഗവ.ഗേള്‍സ്‌ ഹൈസ്‌കൂള്‍, ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍, മദ്‌റസ മുഹമ്മദിയ്യ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്നീല്‍ സീതിസാഹിബിന്റെ ദീര്‍ഘദര്‍ശനമാണുള്ളത്‌. തലശ്ശേരി മുബാറക്‌ ഹൈസ്‌കൂള്‍, വിദ്യാര്‍ഥിനികള്‍ക്ക്‌ മാത്രമായുള്ളതാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും യാഥാസ്ഥിതിക മുസ്‌ലിംകളുടെ കടുത്ത എതിര്‍പ്പുകാരണം ആ ശ്രമം വിജയിച്ചില്ല. വടക്കേ മലബാറില്‍ എടക്കാട്‌ ഹുസ്സന്‍ കാസം ട്രസ്റ്റ്‌ രൂപീകരിച്ച്‌ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഒരുക്കിയതും അദ്ദേഹം തന്നെ. ഫാറൂഖ്‌ ട്രെയ്‌നിംഗ്‌ കോളെജ്‌, തിരൂര്‍ പോളിടെക്‌നിക്‌ (ഇന്ന്‌ സീതിസാഹിബ്‌ പോളിടെക്‌നിക്‌), തളിപ്പറമ്പ്‌ ഹൈസ്‌കൂള്‍ തുടങ്ങിയവയെല്ലാം ആ ക്രാന്തദര്‍ശിയുടെ ജീവിതമുദ്രകളാണ്‌.തിരൂരങ്ങാടി യതീംഖാനയുടെ ആരംഭത്തിലും വളര്‍ച്ചയിലും സീതിസാഹിബിന്റെ പങ്ക്‌ നിസ്‌തുലമാണ്‌. സി എച്ച്‌ മുഹമ്മദ്‌കോയയുടെ വാക്കുകളില്‍ അതിങ്ങനെ സംഗ്രഹിക്കാം: ``കെ എം മൗലവി സാഹിബിന്റെ ഈമാനും എം കെ ഹാജി സാഹിബിന്റെ സമുദായ സ്‌നേഹവും, സീതി സാഹിബിന്റെ മാര്‍ഗദര്‍ശനവും സത്താര്‍ സേട്ട്‌ സാഹിബിന്റെ ഉപദേശവും മാത്രം മൂലധനമായി, എം കെ ഹാജിയുടെ ഒരു വീട്ടില്‍ ആരംഭിച്ച തിരൂരങ്ങാടി യതീംഖാന ഇന്ന്‌ കേരളത്തിലെ ഏറ്റവും വലിയ അനാഥമന്ദിരമായിരിക്കുന്നു. സീതിസാഹിബിന്റെ അനുഗ്രഹാശീര്‍വാദങ്ങളോ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളോ ചിന്തയോ കൊണ്ട്‌ നിറം പിടിപ്പിക്കപ്പെട്ടവയല്ലാതെ ഇന്നത്തെ മുസ്‌ലിം കേരളത്തില്‍ ഏത്‌ സ്ഥാപനമുണ്ട്‌'' (തിരൂരങ്ങാടി യതീംഖാന സോവനീര്‍, പേജ്‌ 36)1943ല്‍ മലബാര്‍ ദേശത്ത്‌ വ്യാപകമായി പടര്‍ന്നു പിടിച്ച കോളറ നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. അന്ധവിശ്വാസങ്ങളില്‍ മുഴുകിയിരുന്ന ഉള്‍നാടുകളില്‍ കോളറയുടെ വിപത്ത്‌ പെരുകുകയും ചെയ്‌തു. നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി. അവരെ സംരക്ഷിക്കുന്നതിനാണ്‌ എം കെ ഹാജിയുടെ നേതൃത്വത്തില്‍ - കെ എം മൗലവി, സീതിസാഹിബ്‌, കൊയപ്പത്തൊടി അഹ്‌മദ്‌കുട്ടി ഹാജി, എ കെ കുഞ്ഞിമായിന്‍ ഹാജി തുടങ്ങിയവരുടെ സഹകരണത്തോടെ തിരൂരങ്ങാടി യതീംഖാന ഉയരുന്നത്‌. ജെ ഡി റ്റി ഇസ്‌ലാം സഭയുടെ ഭാഗമായി 1943 ഡിസംബര്‍ 11ന്‌ തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്‌റസാങ്കണത്തില്‍ വെച്ച്‌ ഹാജി അബ്‌ദുസ്സത്താര്‍ സേട്ടിന്റെ അധ്യക്ഷതയില്‍ സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളാണ്‌ തിരൂരങ്ങാടി യതീംഖാന ഉദ്‌ഘാടനം ചെയ്‌തത്‌. അന്നുതൊട്ട്‌ 1961 ഏപ്രില്‍ 17ല്‍ മരണപ്പെടും വരെ യതീംഖാനയുടെ വൈസ്‌ പ്രസിഡന്റായിരുന്നു സീതി സാഹിബ്‌. 

1 അഭിപ്രായം:

  1. കേരളത്തിലെ മുസ്ലിം സമുദായം ഏറ്റവും കടപ്പെട്ട വെക്തി കെ.എം സീതി സാഹിബാണ്.നവോത്ഥാന പ്രവർത്തനങ്ങളിലും ഒന്നുമില്ലാത്ത സമുദായത്തിന് എല്ലാം നൽകിയതിന് പിന്നിൽ സീതി സാഹിബിന്റെ പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണ്..

    മറുപടിഇല്ലാതാക്കൂ